85-ാമത് അഖിലേന്ത്യ അന്തര്‍സര്‍വകലാശാല അത്ലറ്റിക്സ് മീറ്റിന്റെ മൂന്നാംദിനമായ ഇന്നലെ കേരളത്തിലേക്ക് എത്തിയത് ഒരു വെള്ളിയും ഒരു വെങ്കലവും. മിക്സഡ് റിലേയില്‍ അടക്കം പ്രതീക്ഷിച്ച മെഡലുകള്‍ കേരളത്തിലേക്ക് എത്തിയില്ല. കാലിക്കട്ട് സര്‍വകലാശാലയ്ക്കുവേണ്ടി തൃശൂര്‍ സെന്റ് തോമസ് കോളജിലെ എം. മനോജ്കുമാര്‍ (8:48.80) പുരുഷ സ്റ്റീപ്പിള്‍ ചേസില്‍ വെള്ളിയും ട്രിപ്പിള്‍ജംപില്‍ എം. ഡൊണാള്‍ഡ് വെങ്കലവും സ്വന്തമാക്കി.
പാലക്കാട് വാളയാര്‍ സ്വദേശിയായ മണികണ്ഠന്-മഹാലക്ഷ്മി ദമ്പതികളുടെ മകനാണ് മനോജ്കുമാര്‍. ബിഎ ഒന്നാം വര്‍ഷ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയാണ്. അജിത് അശോകനാണ് പരിശീലകന്. ഗുജറാത്ത് സ്വര്‍ണ്ണിം സ്പോര്‍ട്സ് അക്കാദമിയിലെ റണ്വീര് സിംഗിനാണ് (8:45.94) ഈയിനത്തില്‍ സ്വര്‍ണം.
ട്രിച്ചിയില്നിന്നൊരു മെഡല്‍
തമിഴ്നാട് ട്രിച്ചി പുല്ലമ്പാട് സ്വദേശിയാണ് ട്രിപ്പിംള്ജംപില് കാലിക്കട്ടിനായി വെങ്കലം നേടിയ എം. ഡൊണാള്‍ഡ്. തൊഴിലാളികളായ മഹിമൈരാജ്-ലീല സഗയറാണി ദമ്പതികളുടെ മകനായ ഡൊണാള്‍ഡ് അഞ്ചാം ശ്രമത്തില്‍ 15.50 മീറ്റര്‍ കുറിച്ചായിരുന്നു വെങ്കലം ഉറപ്പിച്ചത്. തൃശൂര്‍ സെന്റ് തോമസ് കോളജില്‍ ബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.
മദ്രാസ് സര്‍വകലാശാലയുടെ ജെ. മോഹന്‍രാജിനാണ് ഈയിനത്തില്‍ സ്വര്‍ണം. അവസാന ശ്രമത്തില്‍ 16.09 മീറ്ററിലേക്ക് കുതിച്ചുചാടിയായിരുന്നു മോഹന്‍രാജ് സ്വര്‍ണം കഴുത്തിലണിഞ്ഞത്. മധുരൈ കാമരാജ് സര്‍വകലാശാലയുടെ കെ. വിദ്യാവികാസ് കണ്ണയ്ക്കാണ് വെള്ളി (15.56).
ആതിഥേയര്‍ ഒന്നാമത്
മീറ്റിന്റെ മൂന്നാംദിനം പിന്നിട്ടപ്പോള്‍ ഓവറോള്‍ പോയിന്റ് പട്ടികയില്‍ ആതിഥേയരായ മാംഗളൂര് സര്‍വകലാശാലയാണ് ഒന്നാമത്. 74 പോയിന്റുള്ള മാംഗളൂരിനു ഭീഷണിയായി 60 പോയിന്റുമായി മദ്രാസ് സര്‍വകലാശാല രണ്ടാമതുണ്ട്. ഇന്നലെ മദ്രാസ് സർവകലാശാല രണ്ട് സ്വർണം സ്വന്തമാക്കി. 23 പോയിന്റുള്ള കാലിക്കട്ട് ഏഴാം സ്ഥാനത്താണ്. എംജി കോട്ടയം (14) പത്താം സ്ഥാനത്തുണ്ട്.